Thursday, September 12, 2013

ഈ മനുഷ്യന്‍ എനിക്ക് ഒരു അത്ഭുതമാണ്...!!

ആദ്യമായി എന്റെ ലാന്റ് ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് ഞാന്‍ ഇപ്പൊളും ഓര്‍ക്കുന്നു- "ഞാന്‍ ഒരു പരേതനാണ്" എന്നു...

അന്നു അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥ വ്യാപ്തി തിരിച്ചറിയാനുള്ള പ്രായം എനിക്കില്ലായിരുന്നു...

അതെ.., ഇത് അദ്ദേഹത്തിന്റെ രണ്ടാം ജന്മമാണു... 

Artist with his Creations

ആര്‍ട്ടിസ്റ്റ് സി.വി. സുരേന്ദ്രന്‍..., കണ്ണാടിപ്പറമ്പ, കണ്ണൂര്‍.

വരകളും ക്യാന്‍വാസുകളുമാണ് ഈ കലാകാരന്റെ ജീവിതത്തിലെ ഏക വര്‍ണ്ണം. അസുഖ ബാധിതനായി മുറിയില്‍ ഒറ്റപ്പെടുമ്പോള്‍ നാലുചുവരുകള്‍ക്കപ്പുറത്തെ ഈ വിശാല ലോകത്തിന്റെ സ്പന്ദനങ്ങള്‍ ക്യാന്‍ വാസിലേക്ക് പകര്‍ത്തുന്നതു കണ്ടപ്പോളാണ് അദ്ദേഹം ഒരു അത്ഭുതമാണെന്ന് എനിക്ക് ആദ്യമായി തോന്നിയത്... പെന്‍സില്‍ കൊണ്ടും പെയിന്റ് കൊണ്ടും തുടര്‍ന്നു ബോള്‍പ്പെന്നുകള്‍ കൊണ്ടും വീണ്ടും വീണ്ടും അത്ഭുതങ്ങള്‍ !! നിരവധി അവാര്‍ഡുകള്‍ കിട്ടിയെങ്കിലും പൊതുജനത്തില്‍ ഇപ്പൊളും ഒട്ടുമിക്കവരും ഈ  കലാകാരനെ തിരിച്ചരിഞ്ഞിട്ടില്ല... 

മരണമെത്തി നോക്കുമ്പോള്‍ കണ്ണുകള്‍ അമര്‍ത്തിയടച്ചും കൈകളില്‍ ആത്മവിശ്വാസം തളരുമ്പോള്‍ ഇരുകൈകള്‍ ചേര്‍ത്തു പിടിച്ചും സ്വയം ഒരു ലോകം സൃഷ്ടിക്കുക അദ്ദേഹത്തിനു അത്യാവശ്യമായിരുന്നു... ബാല്യത്തിന്റെ അറ്റത്ത് കൊത്തിയ ഒരു വിഷസര്‍പ്പം- അതായിരുന്നു സ്പൈനല്‍ മസ്കുലാര്‍ അട്രോപ്പി എന്ന എല്ലുപൊടിക്കുന്ന രോഗം. കൂടെ ഡിഫ്തീരിയയും.. വിഷം പടര്‍ന്നു പടര്‍ന്ന് കൗമാരവും യൗവ്വനവും എത്തിനില്‍ക്കുന്നു ഇന്നു.. 

മരണത്തെ കാത്തു ചലനമറ്റു കിടക്കുമ്പോള്‍; ഉറ്റവര്‍പോലും ഇവന്‍ മരിച്ചിരുന്നെങ്കില്‍ എന്നു ചിന്തിച്ചു പോവുന്ന അവസ്ഥയില്‍ നിന്നും വേദനകളെ എരിച്ചു കളയാന്‍ അദ്ദേഹം കണ്ടെത്തിയ ധ്യാനമാര്‍ഗ്ഗമാണു ചിത്രങ്ങള്‍ എന്നു പറയേണ്ടി വരും ... ചിത്രങ്ങളുടെ പേറ്റുനോവില്‍ അദ്ദേഹം സ്വയം മറക്കുന്നു... ഭക്ഷണം കഴിക്കാന്‍ പോലും ഉയരാതിരുന്ന കൈകള്‍ അന്നെടുത്ത ഉറച്ച തീരുമാനത്തോടെ ഉയര്‍ന്നു തുടങ്ങി.. അന്നു ആ നിശ്ചലാവസ്ഥയില്‍ ഞാന്‍ പലപ്പോളും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. മൂക്കില്‍ റ്റ്യൂബിട്ട് ജെല്ലി രൂപത്തില്‍ ഭക്ഷണം കഴിപ്പിക്കുന്നതോര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് പേടിയാവാറുണ്ട്... ആദ്യം മനസ്സും കൈയും ഉണര്‍ന്നപ്പോള്‍ മെല്ലെ ശരീരവും ഉണര്‍ന്നു... ഇന്നും അദ്ദേഹതിന്റെ ജീവന്‍ ചിത്രങ്ങളിലൂടെയാണു...കൂടെ ഹോമിയോപ്പതി ചികിത്സയും...

ഓയില്‍ കൊണ്ടും അക്രിലിക് കൊണ്ടും ബ്രഷ് പിടിച്ച് വരക്കാന്‍ തന്റെ കൈകള്‍ക്ക് ശക്തിയില്ലല്ലോ എന്നത് അദ്ദേഹ്ത്ത ഒട്ടും തളര്‍ത്തിയില്ല..ബോള്‍പെന്നുകള്‍ കൊണ്ട് വളരെ സൂക്ഷ്മമായ കുത്തുകളും മുകളില്‍ വരകളും ചേര്‍ത്ത് മൂന്നുനാലു മാസം കൊണ്ടാണു ഒരു ചിത്രം പൂര്‍ത്തിയാക്കുക... ഒരോചിത്രം പൂര്‍ത്തിയാക്കുമ്പോളും അദ്ദേഹം ഓരോ യുദ്ധം ജയിക്കുകയായിരുന്നു.. നിരവധി പുരസ്കാരങ്ങളും ഈ അപൂര്‍വ കലാകാരനെ തേടി എത്തിയിട്ടുണ്ട്.. കേസരി കിയാഫ്, ഞെരളത്തു പുരസ്കാരം,സംഘമിത്രയുടെ കളേര്‍സ് ഓഫ് പാരഡൈസ് തുടങ്ങിയവ ചിലതു മാത്രം...

ഉറയ്ക്കാത്ത കൈകളില്‍ പേനപിടിച്ച് വരച്ചുതുടങ്ങിയ മാന്ത്രിക സൃഷ്ടികള്‍ കണ്ട് വീട്ടിലെത്തിയ ചില ചിത്രകാരന്മാര്‍ അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിനു കരുത്തു പകര്‍ന്നു... സഹോദരനും കലാകാരനുമായ ധനേഷ് ആണു അദ്ദേഹത്തിന്റെ ഈ പുനര്‍ജന്മത്തിന്റെ കൈത്താങ്ങ്..കൂടെ സ്നേഹപൂര്വ്വം അച്ഛനും അമ്മയും... അങ്ങനെ കണ്ണൂര്‍ ടൗണ്‍ഹാളില്‍ തുടങ്ങിയ ചിത്ര പ്രദര്‍ശനങ്ങള്‍ ഇന്നു മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും വരെ എത്തി നില്‍ക്കുമ്പോള്‍ ചികിത്സക്കു വേണ്ടിയുള്ള കാശുപോലും തികച്ചില്ലാതിരിക്കുമ്പോള്‍ തന്റെ ചിത്രങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെറ്റുകയാണു ഈ കലാകാരന്‍ ... 

കിടപ്പുമുറിയിലെ ജനാലയിലൂടെ ഉള്ള നോട്ടത്തില്‍ ഈ വലിയലോകം ഒതുങ്ങിപ്പോയപ്പോള്‍ സ്വയം കണ്ടെത്തിയ ഊര്‍ജ്ജത്തിന്റെ ബലത്തില്‍ ഇന്ന് പലസ്ഥലങ്ങളില്‍ എത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.. വീല്‍ ചെയറില്‍ നിന്നും അദ്ദേഹം ഇനിയും കാലുകള്‍ നിലത്തുറപ്പിക്കുമെന്നു എന്റെ മനസ്സു പറയുന്നു...

ഒഴുക്കിയ കണ്ണീരിനും സഹിച്ച വേദനകള്‍ക്കും മീതെ അറ്റുപോയ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ തുന്നിച്ചേര്‍ത്ത് ഇന്നും നമുക്കിടയില്‍ ആര്‍ട്ടിസ്റ്റ് സി.വി.സുരേന്ദ്രന്‍ !! ആത്മവിശ്വാസത്തിന്റെ മഷി പുരണ്ട ജീവിതം പുസ്തകമാക്കാന്‍ ഒരുങ്ങുകയാണു ഇപ്പോള്‍ അദ്ദേഹം...

Adress: C.V.Surendran 
Cheleri Valiyapurayil
Kannadiparamba(p.o)
Kannur (Dist.)
Kerala- India
Pin- 670604

Mobile: +91 9895361684 
Email Id: suran33@gmail.com