എന്നെപ്പറ്റി ഭരണഘടനയില്‍ ഒന്നും പറയുന്നില്ല...
അതുകൊണ്ട് 
എന്നിലെ വഴങ്ങാത്ത ഒഴുക്കുകളെയും 
അറിയാത്ത ആഴങ്ങളെയും  
എങ്ങനെയും കൊല്ലാം...;ആര്‍ക്കും...!!

എന്‍റെ ചിന്തകള്‍ക്ക് എവിടെയും പൌരത്വമില്ല...
അതുകൊണ്ടാണ് ഭൂമിയുടെ മറുപുറം തിരിയുമ്പോളും  
സൂര്യനിലേക്കു കുതിക്കുമ്പോളും
ഞാന്‍  കുറ്റവാളിയായത്...!!

ഏറ്റവും വലിയ സങ്കല്‍പ്പത്തിന്‍റെ  
വേര് എനിക്കറിയാം... 
അതുപോലെ,സെക്കന്‍റില്‍
ഇരുട്ടിന്‍റെ വേഗതയും 
കണ്ണീരിലെ ദു:ഖത്തിന്‍റെ  സാന്ദ്രതയും
നിഗൂഡതയുടെ അനന്ത വിസ്തൃതിയും 
വിറങ്ങലിച്ച ഒരു ഹൃദയമിടിപ്പിന്‍റെ
ദൈര്‍ഘ്യവുമാല്ലാതെ മറ്റൊന്നും എനിക്കറിയില്ല... 
അതുകൊണ്ടു തന്നെ എല്ലാ പരീക്ഷകളിലും 
എന്നെ എളുപ്പം തോല്‍പ്പിക്കാം...!!

ചില 'പ്രത്യേക ജീവി'കളെ കാണുമ്പോള്‍,
ചാടി എണീറ്റു  നമസ്കരിക്കാന്‍ എനിക്കാവില്ല...
അതുകൊണ്ട്, ഒറ്റയ്ക്ക് നിക്കുന്ന എന്‍റെ ആത്മാവിനെ 
ലോകാവസാനം വരെ ചങ്ങലക്കിടാം...!!

കുത്തൊഴുക്കുകള്‍  ഒരിക്കലും  ചട്ടങ്ങള്‍ പാലിക്കാറില്ല...;
അതുകൊണ്ട്,
സാഹസികതകളിലേക്ക് സ്വയം എടുത്തുചാടുന്ന 
ഈ  നരച്ച ഹൃദയത്തെ എല്ലാവര്‍ക്കും തള്ളിപ്പറയാം...
എപ്പൊഴും...!!

പക്ഷെ, ഒരു കാര്യം...;
സ്നേഹം, വിശ്വാസം, കണ്ണീര്, കിനാവ്‌ 
ഇവര്‍ക്ക് സംഘടനകളില്ല; നേതാക്കന്‍മാരുമില്ല...
അതുകൊണ്ട് ,
ഓര്‍ക്കാപ്പുറത്തു വന്നു കണ്ണ് കൊത്തിപ്പറിക്കുന്നവരെ
എന്നെന്നേക്കുമായി പുറത്താക്കി വാതിലടക്കാം...!!