Tuesday, July 15, 2014

തിരിച്ചറിവ്

പിടിച്ചടക്കലിന്റെ മതങ്ങള്‍ക്ക്
കണ്ണുകളും കണ്ണാടികളും ഇല്ല...
ഉള്ളത് ദംഷ്ട്രകളും നഖങ്ങളും മാത്രം...

അതാകട്ടെ,
വിശുദ്ധ സംഹിതകളുടെ കവചമണിഞ്ഞ്
ഉമിനീരൊലിപ്പിച്ചും രക്തം തെറിപ്പിച്ചും
അങ്ങോട്ടും ഇങ്ങോട്ടും...

നരഭോജികളുടെ നാക്കില്‍
ഏച്ചുകെട്ടിയ വെറിയുടെ
മുഴച്ചു നില്പ്പ്
അതുവഴി പോയ പഴയ
വാഴ്ത്തപ്പെട്ട പ്രതിരൂപങ്ങളുടെയും
പ്രവാചകരുടേയും
കാല്പ്പാടുകള്‍ക്കപ്പുറത്തേക്ക് നീണ്ടു കിടക്കുന്നു..!!

ഇപ്പൊ ചരിത്രത്തിനു കാന്‍സര്‍ ബാധിച്ച്
മൂര്‍ദ്ധാവുവരെ എത്തി-
കൈക്കഴപ്പില്‍ വെട്ടിത്തീരാത്ത മുടികളും
കൊഴിഞ്ഞു തീരാറായി , തരിശായി...

എന്നിട്ടും ഇവിടെ,
മരിക്കാത്ത ചില ജഡങ്ങള്‍
പടര്‍ന്നും പാതി വിടര്‍ന്നും
കൊഴിഞ്ഞുപോയ ശ്വാസങ്ങളുടെ
മതം തിരയുന്നു...!!

*****

മതത്തിന്റെയും വിശ്വാസങ്ങളുടെയും പരിമിതികളില്ലാതെ പകകളും വേര്‍തിരിവുകളുമില്ലാതെ ലോകമില്ല എന്ന തിരിച്ചറിവില്‍ ഇനി ഒന്നേ പറയാനാവൂ - ഇന്നു ഞാന്‍.. നാളെ നീ..!!

Thursday, September 12, 2013

ഈ മനുഷ്യന്‍ എനിക്ക് ഒരു അത്ഭുതമാണ്...!!

ആദ്യമായി എന്റെ ലാന്റ് ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് ഞാന്‍ ഇപ്പൊളും ഓര്‍ക്കുന്നു- "ഞാന്‍ ഒരു പരേതനാണ്" എന്നു...

അന്നു അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥ വ്യാപ്തി തിരിച്ചറിയാനുള്ള പ്രായം എനിക്കില്ലായിരുന്നു...

അതെ.., ഇത് അദ്ദേഹത്തിന്റെ രണ്ടാം ജന്മമാണു... 

Artist with his Creations

ആര്‍ട്ടിസ്റ്റ് സി.വി. സുരേന്ദ്രന്‍..., കണ്ണാടിപ്പറമ്പ, കണ്ണൂര്‍.

വരകളും ക്യാന്‍വാസുകളുമാണ് ഈ കലാകാരന്റെ ജീവിതത്തിലെ ഏക വര്‍ണ്ണം. അസുഖ ബാധിതനായി മുറിയില്‍ ഒറ്റപ്പെടുമ്പോള്‍ നാലുചുവരുകള്‍ക്കപ്പുറത്തെ ഈ വിശാല ലോകത്തിന്റെ സ്പന്ദനങ്ങള്‍ ക്യാന്‍ വാസിലേക്ക് പകര്‍ത്തുന്നതു കണ്ടപ്പോളാണ് അദ്ദേഹം ഒരു അത്ഭുതമാണെന്ന് എനിക്ക് ആദ്യമായി തോന്നിയത്... പെന്‍സില്‍ കൊണ്ടും പെയിന്റ് കൊണ്ടും തുടര്‍ന്നു ബോള്‍പ്പെന്നുകള്‍ കൊണ്ടും വീണ്ടും വീണ്ടും അത്ഭുതങ്ങള്‍ !! നിരവധി അവാര്‍ഡുകള്‍ കിട്ടിയെങ്കിലും പൊതുജനത്തില്‍ ഇപ്പൊളും ഒട്ടുമിക്കവരും ഈ  കലാകാരനെ തിരിച്ചരിഞ്ഞിട്ടില്ല... 

മരണമെത്തി നോക്കുമ്പോള്‍ കണ്ണുകള്‍ അമര്‍ത്തിയടച്ചും കൈകളില്‍ ആത്മവിശ്വാസം തളരുമ്പോള്‍ ഇരുകൈകള്‍ ചേര്‍ത്തു പിടിച്ചും സ്വയം ഒരു ലോകം സൃഷ്ടിക്കുക അദ്ദേഹത്തിനു അത്യാവശ്യമായിരുന്നു... ബാല്യത്തിന്റെ അറ്റത്ത് കൊത്തിയ ഒരു വിഷസര്‍പ്പം- അതായിരുന്നു സ്പൈനല്‍ മസ്കുലാര്‍ അട്രോപ്പി എന്ന എല്ലുപൊടിക്കുന്ന രോഗം. കൂടെ ഡിഫ്തീരിയയും.. വിഷം പടര്‍ന്നു പടര്‍ന്ന് കൗമാരവും യൗവ്വനവും എത്തിനില്‍ക്കുന്നു ഇന്നു.. 

മരണത്തെ കാത്തു ചലനമറ്റു കിടക്കുമ്പോള്‍; ഉറ്റവര്‍പോലും ഇവന്‍ മരിച്ചിരുന്നെങ്കില്‍ എന്നു ചിന്തിച്ചു പോവുന്ന അവസ്ഥയില്‍ നിന്നും വേദനകളെ എരിച്ചു കളയാന്‍ അദ്ദേഹം കണ്ടെത്തിയ ധ്യാനമാര്‍ഗ്ഗമാണു ചിത്രങ്ങള്‍ എന്നു പറയേണ്ടി വരും ... ചിത്രങ്ങളുടെ പേറ്റുനോവില്‍ അദ്ദേഹം സ്വയം മറക്കുന്നു... ഭക്ഷണം കഴിക്കാന്‍ പോലും ഉയരാതിരുന്ന കൈകള്‍ അന്നെടുത്ത ഉറച്ച തീരുമാനത്തോടെ ഉയര്‍ന്നു തുടങ്ങി.. അന്നു ആ നിശ്ചലാവസ്ഥയില്‍ ഞാന്‍ പലപ്പോളും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. മൂക്കില്‍ റ്റ്യൂബിട്ട് ജെല്ലി രൂപത്തില്‍ ഭക്ഷണം കഴിപ്പിക്കുന്നതോര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് പേടിയാവാറുണ്ട്... ആദ്യം മനസ്സും കൈയും ഉണര്‍ന്നപ്പോള്‍ മെല്ലെ ശരീരവും ഉണര്‍ന്നു... ഇന്നും അദ്ദേഹതിന്റെ ജീവന്‍ ചിത്രങ്ങളിലൂടെയാണു...കൂടെ ഹോമിയോപ്പതി ചികിത്സയും...

ഓയില്‍ കൊണ്ടും അക്രിലിക് കൊണ്ടും ബ്രഷ് പിടിച്ച് വരക്കാന്‍ തന്റെ കൈകള്‍ക്ക് ശക്തിയില്ലല്ലോ എന്നത് അദ്ദേഹ്ത്ത ഒട്ടും തളര്‍ത്തിയില്ല..ബോള്‍പെന്നുകള്‍ കൊണ്ട് വളരെ സൂക്ഷ്മമായ കുത്തുകളും മുകളില്‍ വരകളും ചേര്‍ത്ത് മൂന്നുനാലു മാസം കൊണ്ടാണു ഒരു ചിത്രം പൂര്‍ത്തിയാക്കുക... ഒരോചിത്രം പൂര്‍ത്തിയാക്കുമ്പോളും അദ്ദേഹം ഓരോ യുദ്ധം ജയിക്കുകയായിരുന്നു.. നിരവധി പുരസ്കാരങ്ങളും ഈ അപൂര്‍വ കലാകാരനെ തേടി എത്തിയിട്ടുണ്ട്.. കേസരി കിയാഫ്, ഞെരളത്തു പുരസ്കാരം,സംഘമിത്രയുടെ കളേര്‍സ് ഓഫ് പാരഡൈസ് തുടങ്ങിയവ ചിലതു മാത്രം...

ഉറയ്ക്കാത്ത കൈകളില്‍ പേനപിടിച്ച് വരച്ചുതുടങ്ങിയ മാന്ത്രിക സൃഷ്ടികള്‍ കണ്ട് വീട്ടിലെത്തിയ ചില ചിത്രകാരന്മാര്‍ അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിനു കരുത്തു പകര്‍ന്നു... സഹോദരനും കലാകാരനുമായ ധനേഷ് ആണു അദ്ദേഹത്തിന്റെ ഈ പുനര്‍ജന്മത്തിന്റെ കൈത്താങ്ങ്..കൂടെ സ്നേഹപൂര്വ്വം അച്ഛനും അമ്മയും... അങ്ങനെ കണ്ണൂര്‍ ടൗണ്‍ഹാളില്‍ തുടങ്ങിയ ചിത്ര പ്രദര്‍ശനങ്ങള്‍ ഇന്നു മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും വരെ എത്തി നില്‍ക്കുമ്പോള്‍ ചികിത്സക്കു വേണ്ടിയുള്ള കാശുപോലും തികച്ചില്ലാതിരിക്കുമ്പോള്‍ തന്റെ ചിത്രങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെറ്റുകയാണു ഈ കലാകാരന്‍ ... 

കിടപ്പുമുറിയിലെ ജനാലയിലൂടെ ഉള്ള നോട്ടത്തില്‍ ഈ വലിയലോകം ഒതുങ്ങിപ്പോയപ്പോള്‍ സ്വയം കണ്ടെത്തിയ ഊര്‍ജ്ജത്തിന്റെ ബലത്തില്‍ ഇന്ന് പലസ്ഥലങ്ങളില്‍ എത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.. വീല്‍ ചെയറില്‍ നിന്നും അദ്ദേഹം ഇനിയും കാലുകള്‍ നിലത്തുറപ്പിക്കുമെന്നു എന്റെ മനസ്സു പറയുന്നു...

ഒഴുക്കിയ കണ്ണീരിനും സഹിച്ച വേദനകള്‍ക്കും മീതെ അറ്റുപോയ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ തുന്നിച്ചേര്‍ത്ത് ഇന്നും നമുക്കിടയില്‍ ആര്‍ട്ടിസ്റ്റ് സി.വി.സുരേന്ദ്രന്‍ !! ആത്മവിശ്വാസത്തിന്റെ മഷി പുരണ്ട ജീവിതം പുസ്തകമാക്കാന്‍ ഒരുങ്ങുകയാണു ഇപ്പോള്‍ അദ്ദേഹം...

Adress: C.V.Surendran 
Cheleri Valiyapurayil
Kannadiparamba(p.o)
Kannur (Dist.)
Kerala- India
Pin- 670604

Mobile: +91 9895361684 
Email Id: suran33@gmail.com

Sunday, July 14, 2013

പ്രണയമേ...
എന്റെ പ്രണയമേ..,
ഓര്‍മ്മതന്‍ തീരത്തൂടോടി വന്നിന്നു നിന്‍
ചെറുവിരല്‍ തുമ്പു പിടിക്കവെ-
ആര്‍ദ്രമായൊരു നോവിന്‍ മധുര നീര്‍ത്തുള്ളികള്‍
എന്‍ കണ്മഷിയാകെ പടര്‍ത്തിയോ??!!

ഒരു വേള നീയെന്റെ അധര ദളങ്ങളില്‍
ഒരു ശിശിര ബിന്ദുവായ് 
ഉരുകിയലിഞ്ഞുവോ??!!

തെന്നലായെന്നെ തഴുകിയോ,
ഹൃദയത്തിന്‍ 
വെണ്മയാലെന്നെ പുണര്‍ന്നുവോ??!!

സന്ധ്യാംബരത്തിന്റെ നെറുകയില്‍ നിന്നൊരു
മന്ദാരപുഷ്പം എനിക്കായിറുത്തുവോ??!!
വീണ്ടുമാ ചക്കര മാവിന്‍ ചുവട്ടിലേക്കോടി
ഒരു മാമ്പഴമെനിക്കായെടുത്തുവോ??!!

തിരികെ വന്നെന്‍ മുടിച്ചുരുളിന്റെ ഇരുളില്‍ നീ
വിരഹാര്‍ദ്രമാം നിന്‍
മുഖമൊളിപ്പിച്ചുവോ??!!

അരുതെന്നടച്ചന്നീ ജാലകപ്പാതിയില്‍
മൊഴിചൊല്ലിയകലെ നടന്നുപോയപ്പൊഴും
ഒരു പിന്‍ വിളിയെന്‍ കൈ മുറുകെപ്പിടിച്ചതിന്‍
നിര്‍ വൃതിയിലിന്നുമെന്‍ ഹൃദയം തുടിച്ചുവൊ??!!

* * * *
ഒരു നുള്ളു കുങ്കുമം ചിതറിയ വീഥിയില്‍
ഒരു തരി മിന്നിന്റെ വിശ്വാസ മൂര്‍ച്ചയില്‍
ഇരുകൈകളാകുന്ന ലക്ഷ്മണ രേഖയില്‍
സ്വച്ഛമായേറെ ശയിപ്പുവെന്നാകിലും

എന്‍ പ്രണയമേ നീയെന്നില്‍ മരവിച്ചുറച്ചൊരു
കവിതയായെന്നുമെന്‍ മിഴികള്‍ നനക്കുന്നു...!!


Thursday, July 4, 2013

ഒരു ക്ഷമാപണം

പുതിയ പിള്ളാര്‍ പുതിയ കൊടിപിടിച്ച്
പുതിയ ആവിഷ്ക്കാരവുമായി നടക്കുമ്പോളാണ്
പെട്ടിയില്‍ പൊതിഞ്ഞുകെട്ടി ഭദ്രമായി സൂക്ഷിച്ച
എന്റെ പഴയ ഓട്ടവീണ കൊടികള്‍
എനിക്കോര്‍മ്മ വന്നത്...

കോറത്തുണിയില്‍ നിന്നും
സൗഗന്ധിക സില്‍ക്കിലേക്കുള്ള നീളം
ഞാന്‍ ഒറ്റ നിമിഷത്തിനുള്ളില്‍
ഓടിത്തീര്‍ത്തു...

അലക്കിത്തേച്ചു മിനുക്കി വെച്ച
എന്റെ കീറക്കൊടികളെ
നൊസ്റ്റാള്‍ജിയ എന്നു പേരിട്ട്
അപ് ലോഡ് ചെയ്തു...

മഴ നനഞ്ഞതും കുതിര്‍ന്നതും
മഴയായ് പെയ്തൊഴിഞ്ഞതും
ഓര്‍മ്മകള്‍ തൊട്ടുതലോടി പലരും...


ഇട വഴിയില്‍ എവിടെയോ കിടന്ന
നാലു വരി മുദ്രാവാക്യത്തില്‍ തട്ടിതടഞ്ഞുവീണ
എന്റെ അവസാനത്തെ വിരുന്നുകാരാ..,
അന്നെപ്പൊളോ
ഒരു പെരുമഴ രാത്രിയില്‍
ഒരു വളയന്‍ കാല്‍ കുടയുടെ ചുവട്ടില്‍
എന്റെ പാതിഭാഗത്തോടു
നീ കൈകോര്‍ത്തു...

നിറമേറെമങ്ങി ചുളിവു വീണ ഓര്‍മ്മകളില്‍
കോര്‍ത്തു വെച്ച വിരലിഴകള്‍
ഏറെ അകന്നു..

എങ്കിലും,

വലിച്ചെറിയപ്പെടലിന്റെ
വാത്തുമ്പത്ത് പകച്ചു നില്‍ക്കുന്ന
എന്റെ പാവം കൊടിയുടെ മണം തേടി,
ഇന്നീ പെരുമഴയില്‍ നനഞ്ഞു കുളിച്ച്
ഒരു പിടി കവിതയുമായി
ഈ മറുഭാഗവും തേടി നീ വന്നല്ലോ...!!


പക്ഷെ,

തിരിച്ചു പോകുമ്പോള്‍
അത്ഭുതം പൊതിഞ്ഞു നല്‍കാന്‍
എന്റെ കൈയില്‍ അക്ഷരങ്ങള്‍ ശൂന്യം..!
സദയം ക്ഷമിക്കുക !!!

Saturday, June 29, 2013

കണ്ണുകൾ


എന്റെ ഇടത്തെ കണ്ണ്
മരണത്തിന്റെ വഴിയിലേക്കും
വലത്തേ കണ്ണ്
ജീവിതത്തിന്റെ വഴിയിലേക്കും
ഉറ്റു നോക്കുന്നവയാണു..

നിഴലുകള്‍ക്കുമേല്‍ നിറങ്ങള്‍ മെഴുകി
സമയത്തിന്റെ മിടിപ്പുകള്‍ക്ക്
പോപ്പ് സംഗീതത്തിന്റെ ലഹരി നിറച്ച്
കണ്‍റ്റംപറ'റി കൊളാഷുകള്‍
എന്റെ വലത്തേ കണ്ണില്‍
അവിടവിടെയായി തിമിര്‍ത്താടുകയാണു..!!

മോഹങ്ങളുടഞ്ഞിറ്റിയ
കണ്ണീരിനും വിരഹത്തിനും മേലെ
ചിറകുകള്‍ പിടിപ്പിച്ച്
കീഴടക്കലിന്റെ തീപ്പൊരിയുമേന്തി
എന്റെ വലത്തെ കണ്ണു
നിര്‍ത്താതെ പറക്കുന്നു...

ആത്മഹത്യ ചെയ്തതും കൊന്നൊടുക്കിയതുമായ
കണക്കുകളുടെ പ്രേതരൂപങ്ങള്‍
പല്ലിളിക്കുമ്പൊഴും
ഫ്ലൂറസെന്റ് ബള്ബുകളുടെ
കെടാ വെളിച്ചത്തിലേക്ക് ചേക്കേറി,
പബ്ബുകളുടെ ജുഗല്ബന്ദികളിൽ 
ചുവടുവെച്ച്,
ബീർബോട്ടിൽ പൊട്ടിച്ച പതയിലലിഞ്ഞ്,
എന്റെ വലത്തെ കണ്ണിന്റെ സൗന്ദര്യം...


വെളിച്ചം തിന്നു ഛര്ദ്ദിച്ച് ക്ഷീണിച്ച
വർണ്ണചിത്രങ്ങൾ 
അന്തിമയങ്ങാനായി എന്നും
വലത്തേക്കണ്ണില്നിന്നും
ഇടത്തേക്കണ്ണിലേക്കു കുടിയേറും...
ഇടത്തേക്കണ്ണിനു ഒറ്റ ഭാവമേ ഉള്ളൂ..
-ചത്തു ചീഞ്ഞ നിരാശ!!

പക്ഷേ ഇടത്തേ കണ്ണിന്റെ
സൗന്ദര്യം നഷ്ടപ്പെടാതിരിക്കാൻ‍,
ഉരച്ചുതേച്ച മഷിക്കറുപ്പിനടിയിൽ 
ഞാനതിനെ തളച്ചിട്ടിട്ടുണ്ട്...
-മൗനത്തിന്റെ നിലവിളി കേട്ട്..,
പുഴുത്ത കാതിന്റെ നാറ്റമാവാഹിച്ച്
ചങ്ങലക്കിട്ട കാലുകളിലെ
വ്രണം തീര്ത്ത പൂക്കളത്തിലെ
ഈച്ചകളെ പ്രണയിച്ച്
അതങ്ങനെ കിടക്കും..!!


എന്നിട്ടും എന്തുകൊണ്ടാണെന്നറിയില്ല,
എന്റെ വലത്തേ കണ്ണിനു
ഇടത്തേ കണ്ണിനോട്
എന്നും അസൂയയാണു...!!


Sunday, March 6, 2011

നിങ്ങള്‍ Vs ഞാന്‍


സ്വബോധത്തിന്റെ തിരശ്ശീലയ്ക്ക് പിറകില്‍ 
ഭ്രാന്തിയായ എന്റെ ആത്മാവ്...
ചിത്തശുദ്ധരെന്നു നിങ്ങളും!
അതുകൊണ്ട്,
അറിഞ്ഞതിനപ്പുറം അറിയാനും 
ചിന്തിച്ചതിനപ്പുറം ചിന്തിക്കാനും
നിങ്ങള്‍ മറന്നു പോകുന്നു...

സദാചാരത്തിന്റെ തണലില്‍ 
ഞാന്‍ അഭിസാരികയും ആത്മീയതയുമാണ്...
നിങ്ങള്‍ അഭിനേതാക്കളും...
അതുകൊണ്ട്,
നിങ്ങളിലെ മനുഷ്യ ഭാവങ്ങളില്‍ 
പ്രായമെത്താതെ നര കയറുന്നു...
നഗ്നമായ ചിന്തകളില്‍
ഒഴുക്കിനെതിരെ നീന്തുമ്പോള്‍,
നിങ്ങള്‍ കടലാസ് തോണികളാവുന്നു...
ഇന്നലെ പെയ്ത മഴയില്‍
ആത്മാവൊലിച്ചു  പോയത്
കാണാന്‍ മറക്കുന്നു...

ഹാ!! ആവിഷ്കാരത്തിന്റെ നടപ്പാതകള്‍ക്ക് 
തീ പിടിച്ചെന്നറിഞ്ഞിട്ടും
ശകുനങ്ങളെ വകഞ്ഞു,
നിനവിലും നിരാശയിലും ഉടച്ച 
കാലുകള്‍ പറിച്ചെടുത്ത്
ഇരുപുറം നോക്കാതെ ഒരു യാത്ര!! 

-"  ക്ലിയോപാട്ര, 
    സള്‍ഫുരിക്  ആസിഡ്  തട്ടിമറിഞ്ഞു 
    നീ ഇത്ര വിരൂപയായിട്ടും 
    കണ്ണുകളില്‍ കത്തി പടരുന്നത് 
    നിന്നോടുള്ള വെറിയും കാമവും!! "