Sunday, July 14, 2013

പ്രണയമേ...




എന്റെ പ്രണയമേ..,
ഓര്‍മ്മതന്‍ തീരത്തൂടോടി വന്നിന്നു നിന്‍
ചെറുവിരല്‍ തുമ്പു പിടിക്കവെ-
ആര്‍ദ്രമായൊരു നോവിന്‍ മധുര നീര്‍ത്തുള്ളികള്‍
എന്‍ കണ്മഷിയാകെ പടര്‍ത്തിയോ??!!

ഒരു വേള നീയെന്റെ അധര ദളങ്ങളില്‍
ഒരു ശിശിര ബിന്ദുവായ് 
ഉരുകിയലിഞ്ഞുവോ??!!

തെന്നലായെന്നെ തഴുകിയോ,
ഹൃദയത്തിന്‍ 
വെണ്മയാലെന്നെ പുണര്‍ന്നുവോ??!!

സന്ധ്യാംബരത്തിന്റെ നെറുകയില്‍ നിന്നൊരു
മന്ദാരപുഷ്പം എനിക്കായിറുത്തുവോ??!!
വീണ്ടുമാ ചക്കര മാവിന്‍ ചുവട്ടിലേക്കോടി
ഒരു മാമ്പഴമെനിക്കായെടുത്തുവോ??!!

തിരികെ വന്നെന്‍ മുടിച്ചുരുളിന്റെ ഇരുളില്‍ നീ
വിരഹാര്‍ദ്രമാം നിന്‍
മുഖമൊളിപ്പിച്ചുവോ??!!

അരുതെന്നടച്ചന്നീ ജാലകപ്പാതിയില്‍
മൊഴിചൊല്ലിയകലെ നടന്നുപോയപ്പൊഴും
ഒരു പിന്‍ വിളിയെന്‍ കൈ മുറുകെപ്പിടിച്ചതിന്‍
നിര്‍ വൃതിയിലിന്നുമെന്‍ ഹൃദയം തുടിച്ചുവൊ??!!

* * * *
ഒരു നുള്ളു കുങ്കുമം ചിതറിയ വീഥിയില്‍
ഒരു തരി മിന്നിന്റെ വിശ്വാസ മൂര്‍ച്ചയില്‍
ഇരുകൈകളാകുന്ന ലക്ഷ്മണ രേഖയില്‍
സ്വച്ഛമായേറെ ശയിപ്പുവെന്നാകിലും

എന്‍ പ്രണയമേ നീയെന്നില്‍ മരവിച്ചുറച്ചൊരു
കവിതയായെന്നുമെന്‍ മിഴികള്‍ നനക്കുന്നു...!!


Thursday, July 4, 2013

ഒരു ക്ഷമാപണം

പുതിയ പിള്ളാര്‍ പുതിയ കൊടിപിടിച്ച്
പുതിയ ആവിഷ്ക്കാരവുമായി നടക്കുമ്പോളാണ്
പെട്ടിയില്‍ പൊതിഞ്ഞുകെട്ടി ഭദ്രമായി സൂക്ഷിച്ച
എന്റെ പഴയ ഓട്ടവീണ കൊടികള്‍
എനിക്കോര്‍മ്മ വന്നത്...

കോറത്തുണിയില്‍ നിന്നും
സൗഗന്ധിക സില്‍ക്കിലേക്കുള്ള നീളം
ഞാന്‍ ഒറ്റ നിമിഷത്തിനുള്ളില്‍
ഓടിത്തീര്‍ത്തു...

അലക്കിത്തേച്ചു മിനുക്കി വെച്ച
എന്റെ കീറക്കൊടികളെ
നൊസ്റ്റാള്‍ജിയ എന്നു പേരിട്ട്
അപ് ലോഡ് ചെയ്തു...

മഴ നനഞ്ഞതും കുതിര്‍ന്നതും
മഴയായ് പെയ്തൊഴിഞ്ഞതും
ഓര്‍മ്മകള്‍ തൊട്ടുതലോടി പലരും...


ഇട വഴിയില്‍ എവിടെയോ കിടന്ന
നാലു വരി മുദ്രാവാക്യത്തില്‍ തട്ടിതടഞ്ഞുവീണ
എന്റെ അവസാനത്തെ വിരുന്നുകാരാ..,
അന്നെപ്പൊളോ
ഒരു പെരുമഴ രാത്രിയില്‍
ഒരു വളയന്‍ കാല്‍ കുടയുടെ ചുവട്ടില്‍
എന്റെ പാതിഭാഗത്തോടു
നീ കൈകോര്‍ത്തു...

നിറമേറെമങ്ങി ചുളിവു വീണ ഓര്‍മ്മകളില്‍
കോര്‍ത്തു വെച്ച വിരലിഴകള്‍
ഏറെ അകന്നു..

എങ്കിലും,

വലിച്ചെറിയപ്പെടലിന്റെ
വാത്തുമ്പത്ത് പകച്ചു നില്‍ക്കുന്ന
എന്റെ പാവം കൊടിയുടെ മണം തേടി,
ഇന്നീ പെരുമഴയില്‍ നനഞ്ഞു കുളിച്ച്
ഒരു പിടി കവിതയുമായി
ഈ മറുഭാഗവും തേടി നീ വന്നല്ലോ...!!


പക്ഷെ,

തിരിച്ചു പോകുമ്പോള്‍
അത്ഭുതം പൊതിഞ്ഞു നല്‍കാന്‍
എന്റെ കൈയില്‍ അക്ഷരങ്ങള്‍ ശൂന്യം..!
സദയം ക്ഷമിക്കുക !!!