Thursday, July 4, 2013

ഒരു ക്ഷമാപണം

പുതിയ പിള്ളാര്‍ പുതിയ കൊടിപിടിച്ച്
പുതിയ ആവിഷ്ക്കാരവുമായി നടക്കുമ്പോളാണ്
പെട്ടിയില്‍ പൊതിഞ്ഞുകെട്ടി ഭദ്രമായി സൂക്ഷിച്ച
എന്റെ പഴയ ഓട്ടവീണ കൊടികള്‍
എനിക്കോര്‍മ്മ വന്നത്...

കോറത്തുണിയില്‍ നിന്നും
സൗഗന്ധിക സില്‍ക്കിലേക്കുള്ള നീളം
ഞാന്‍ ഒറ്റ നിമിഷത്തിനുള്ളില്‍
ഓടിത്തീര്‍ത്തു...

അലക്കിത്തേച്ചു മിനുക്കി വെച്ച
എന്റെ കീറക്കൊടികളെ
നൊസ്റ്റാള്‍ജിയ എന്നു പേരിട്ട്
അപ് ലോഡ് ചെയ്തു...

മഴ നനഞ്ഞതും കുതിര്‍ന്നതും
മഴയായ് പെയ്തൊഴിഞ്ഞതും
ഓര്‍മ്മകള്‍ തൊട്ടുതലോടി പലരും...


ഇട വഴിയില്‍ എവിടെയോ കിടന്ന
നാലു വരി മുദ്രാവാക്യത്തില്‍ തട്ടിതടഞ്ഞുവീണ
എന്റെ അവസാനത്തെ വിരുന്നുകാരാ..,
അന്നെപ്പൊളോ
ഒരു പെരുമഴ രാത്രിയില്‍
ഒരു വളയന്‍ കാല്‍ കുടയുടെ ചുവട്ടില്‍
എന്റെ പാതിഭാഗത്തോടു
നീ കൈകോര്‍ത്തു...

നിറമേറെമങ്ങി ചുളിവു വീണ ഓര്‍മ്മകളില്‍
കോര്‍ത്തു വെച്ച വിരലിഴകള്‍
ഏറെ അകന്നു..

എങ്കിലും,

വലിച്ചെറിയപ്പെടലിന്റെ
വാത്തുമ്പത്ത് പകച്ചു നില്‍ക്കുന്ന
എന്റെ പാവം കൊടിയുടെ മണം തേടി,
ഇന്നീ പെരുമഴയില്‍ നനഞ്ഞു കുളിച്ച്
ഒരു പിടി കവിതയുമായി
ഈ മറുഭാഗവും തേടി നീ വന്നല്ലോ...!!


പക്ഷെ,

തിരിച്ചു പോകുമ്പോള്‍
അത്ഭുതം പൊതിഞ്ഞു നല്‍കാന്‍
എന്റെ കൈയില്‍ അക്ഷരങ്ങള്‍ ശൂന്യം..!
സദയം ക്ഷമിക്കുക !!!





No comments:

Post a Comment