Saturday, June 29, 2013

കണ്ണുകൾ


എന്റെ ഇടത്തെ കണ്ണ്
മരണത്തിന്റെ വഴിയിലേക്കും
വലത്തേ കണ്ണ്
ജീവിതത്തിന്റെ വഴിയിലേക്കും
ഉറ്റു നോക്കുന്നവയാണു..

നിഴലുകള്‍ക്കുമേല്‍ നിറങ്ങള്‍ മെഴുകി
സമയത്തിന്റെ മിടിപ്പുകള്‍ക്ക്
പോപ്പ് സംഗീതത്തിന്റെ ലഹരി നിറച്ച്
കണ്‍റ്റംപറ'റി കൊളാഷുകള്‍
എന്റെ വലത്തേ കണ്ണില്‍
അവിടവിടെയായി തിമിര്‍ത്താടുകയാണു..!!

മോഹങ്ങളുടഞ്ഞിറ്റിയ
കണ്ണീരിനും വിരഹത്തിനും മേലെ
ചിറകുകള്‍ പിടിപ്പിച്ച്
കീഴടക്കലിന്റെ തീപ്പൊരിയുമേന്തി
എന്റെ വലത്തെ കണ്ണു
നിര്‍ത്താതെ പറക്കുന്നു...

ആത്മഹത്യ ചെയ്തതും കൊന്നൊടുക്കിയതുമായ
കണക്കുകളുടെ പ്രേതരൂപങ്ങള്‍
പല്ലിളിക്കുമ്പൊഴും
ഫ്ലൂറസെന്റ് ബള്ബുകളുടെ
കെടാ വെളിച്ചത്തിലേക്ക് ചേക്കേറി,
പബ്ബുകളുടെ ജുഗല്ബന്ദികളിൽ 
ചുവടുവെച്ച്,
ബീർബോട്ടിൽ പൊട്ടിച്ച പതയിലലിഞ്ഞ്,
എന്റെ വലത്തെ കണ്ണിന്റെ സൗന്ദര്യം...


വെളിച്ചം തിന്നു ഛര്ദ്ദിച്ച് ക്ഷീണിച്ച
വർണ്ണചിത്രങ്ങൾ 
അന്തിമയങ്ങാനായി എന്നും
വലത്തേക്കണ്ണില്നിന്നും
ഇടത്തേക്കണ്ണിലേക്കു കുടിയേറും...
ഇടത്തേക്കണ്ണിനു ഒറ്റ ഭാവമേ ഉള്ളൂ..
-ചത്തു ചീഞ്ഞ നിരാശ!!

പക്ഷേ ഇടത്തേ കണ്ണിന്റെ
സൗന്ദര്യം നഷ്ടപ്പെടാതിരിക്കാൻ‍,
ഉരച്ചുതേച്ച മഷിക്കറുപ്പിനടിയിൽ 
ഞാനതിനെ തളച്ചിട്ടിട്ടുണ്ട്...
-മൗനത്തിന്റെ നിലവിളി കേട്ട്..,
പുഴുത്ത കാതിന്റെ നാറ്റമാവാഹിച്ച്
ചങ്ങലക്കിട്ട കാലുകളിലെ
വ്രണം തീര്ത്ത പൂക്കളത്തിലെ
ഈച്ചകളെ പ്രണയിച്ച്
അതങ്ങനെ കിടക്കും..!!


എന്നിട്ടും എന്തുകൊണ്ടാണെന്നറിയില്ല,
എന്റെ വലത്തേ കണ്ണിനു
ഇടത്തേ കണ്ണിനോട്
എന്നും അസൂയയാണു...!!






2 comments:


  1. പക്ഷേ ഇടത്തേ കണ്ണിന്റെ
    സൗന്ദര്യം നഷ്ടപ്പെടാതിരിക്കാൻ‍,
    ഉരച്ചുതേച്ച മഷിക്കറുപ്പിനടിയിൽ ‍
    ഞാനതിനെ തളച്ചിട്ടിട്ടുണ്ട്...
    നല്ല വായന...ആശംസകൾ...

    ReplyDelete